ആലത്തൂര്‍ (പാലക്കാട്): നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് താൻ വീട് വിട്ടതെന്നും ഇവർ വ്യക്തമാക്കി. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാന്‍ താത്പര്യമില്ലെന്നും അവര്‍ പറഞ്ഞു. അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഇവർ വെളിപ്പെടുത്തി. ആലത്തൂര്‍ ഡിവൈ.എസ്.പി ഓഫീസിൽ നേരിട്ടെത്തിയാണ് ഇവർ മൊഴി നൽകിയത്.
അതേസമയം, കൊലപാതകത്തിന് ദൃക്സാക്ഷികളായ മൂന്നുപേരെ പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴികൂടി രേഖപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഭാര്യയും മകളും തന്നെ വിട്ടുപോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നത്. ഇതിന്റെ വിരോധമാണ് ചെന്താമരയെ 3 കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചത്.
2019 ഓഗസ്റ്റ് 31-ന് സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണത്തടവുകാരനായിരിക്കെ, ജാമ്യത്തിലിറങ്ങിയാണ് ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്നത്. ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. സജിത കൊലക്കേസില്‍ കോടതി നേരത്തേ അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു.