പാലാരിവട്ടം പാലം അഴിമതികേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലീം ലീഗ്. സ്വർണകടത്തും ഡോളർ കടത്തും അടക്കമുള്ള മറ്റ് കേസുകൾ നേരിടുന്ന സർക്കാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണ് അറസ്റ്റെന്നും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലാരിവട്ടം അഴിമതി കേസിൽ അന്വേഷണം കഴിഞ്ഞ് കുറേ നാളായതാണ്. വിളിച്ചുവരുത്തി ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് ആവശ്യമില്ലെന്ന് പറഞ്ഞ കേസാണ്. ഇപ്പോൾ നടന്ന അറസ്റ്റ് അനവസരത്തിലുള്ളതാണ്. കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഏജൻസികളെ ഉപയോഗിച്ച് വകവരുത്തുന്നുവെന്ന് പറയുന്ന സിപിഎം, പ്രതിപക്ഷ നേതാക്കളെ കേസിൽ പെടുത്തുന്നത് നാണംകെട്ട നടപടിയാണ്. കേന്ദ്രത്തിനെതിരെ ആരോപണം ഉയർത്തുന്ന അതേ കൂട്ടരാണ് ഇവിടെ അതെല്ലാം ചെയ്യുന്നത്. ഇത് ലീഗ് തുറന്നുകാട്ടുമെന്നും ഇടതുപക്ഷത്തിന് രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.