നോക്കാന്‍ അളില്ലാതെ പട്ടിണി കിടന്ന് മരിച്ച പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന്റെ അവകാശം പറഞ്ഞ് രാജേശ്വരിയും മകളും രംഗത്ത്
നോക്കാന്‍ അളില്ലാതെ പട്ടിണി കിടന്ന് മരിച്ച പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന്റെ അവകാശം പറഞ്ഞ് രാജേശ്വരിയും മകളും രംഗത്ത്
വഴിയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന് അവകാശവാദവുമായി മകള്‍ ദീപയും അമ്മ രാജേശ്വരിയും രംഗത്ത്.
വാര്‍ദ്ധ്യക്യത്തിന്റെ അസുഖങ്ങള്‍ പിടിപ്പെട്ട പാപ്പു വ്യാഴാഴ്ച അന്തരിച്ചത്. വീടിനു സമീപത്തുള്ള റോഡരുകിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചികിത്സയ്‌ക്കായി പണമില്ലാതെയാണ് പാപ്പു മരിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത് എന്നാല്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ 452000 രൂപ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഈ പണത്തിനായിട്ടാണ് ദീപയും രാജേശ്വരിയും രംഗത്തെത്തിയത്. എന്നാല്‍, പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ നോമിനിയായി വച്ചിരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെ ആണ്. ഇതാണ് ഇരുവരെയും ചൊടിപ്പിച്ചത്.
പിതാവ് മരണപ്പെട്ടാല്‍ സ്വത്തിന്റെ അവകാശം മക്കള്‍ക്കാണ്. നിയമപരമായി മുന്നോട്ടു നീങ്ങിയാല്‍ തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ദീപ വ്യക്തമാക്കി.
പാപ്പുവിന് മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാകാം സരോജിനിയമ്മയെ നോമിനിയായി വെച്ചതെന്ന് സരോജിനിയമ്മ പറഞ്ഞു. സ്വന്തം ഇഷ്‌ട പ്രകാരമാണ് അദ്ദേഹം അത്താരമൊരു തീരുമാനം എടുത്തത്. ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകളെല്ലാം പൂരിപ്പിച്ച് നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം പാപ്പു തന്നോട് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാപ്പുവിന്റെ കുടുംബവും സരോജിനിയമ്മയുടെ വീട്ടുകാരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ വര്‍ഷങ്ങളായി കൃഷിപ്പണികള്‍ക്കും മറ്റുമായി പാപ്പുവും സഹോദരങ്ങളും എത്തുമായിരുന്നു. ഇതു മൂലമാകാം സരോജിനിയമ്മയെ നോമിനിയായി വെച്ചതെന്ന് നിഗമനം.
പണം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാന്‍ ഒരുക്കമാണെന്നും തനിക്ക് പണം ആവശ്യമില്ലെന്നും സരോജനിയമ്മ പറഞ്ഞു.