ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.
കോട്ടയം: മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്‌മോൾ പെൺകുഞ്ഞുങ്ങളെയും കൊണ്ട് ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗാർഹിക പീഡനത്തിന് പുറമെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.
സംഭവത്തിൽ ജിമ്മിക്കെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് യുവതിയുടെ കുടുംബം. ജിസ്‌മോളുടെ പിതാവും സഹോദരനും ഇന്ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകും. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് തോമസ് തുടക്കം മുതൽ ആരോപിക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടിൽ ജിസ്‌മോൾ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് ആരോപിച്ചു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അതീവ ഗൗരവതരമായ എന്തോ സംഭവം വീട്ടിൽ നടന്നിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും നിരന്തരം ജിസ്‌മോളെ മാനസികമായി ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിദേശത്തായിരുന്ന അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും മരണ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഭിഭാഷകയായി ഹൈക്കോടതിയിൽ സജീവായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ജിസ്‌മോൾ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി 2019ൽ തിരഞ്ഞടുക്കപ്പെട്ടത്. അതോടെ അഭിഭാഷക ജോലിയുടെ തിരക്കുകളിൽ നിന്ന് മാറി. അഭിഭാഷകയായും പഞ്ചായത്ത് വൈസ് പ്രസിഡന്റായുമുള്ള ജിസ്‌മോളുടെ പ്രവർത്തനങ്ങൾ സഹ പ്രവർത്തകർക്ക് പ്രചോദനമാകുന്ന തരത്തിലായിരുന്നു. മാതൃകാപരമായ പെരുമാറ്റമായിരുന്നു ജിസ്മോളുടേതെന്ന് സഹപ്രവർത്തകരും നാട്ടുകാരും പറയുന്നു.