Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 മാര്‍ച്ച് 2025 (18:21 IST)
തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശത്ത് തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ തായ്ലന്റില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ആലപ്പുഴ തൃശ്ശൂര്‍ സ്വദേശികളായ മൂവരേയും നോര്‍ക്ക റൂട്ട്സ് വഴിയാണ് ഇന്‍ഡിഗോ വിമാനത്തില്‍ വൈകിട്ട് 4.40 ഓടെ കൊച്ചിയിലെത്തിച്ചത്. ഇന്നലെ മലയാളികളായ എട്ട് പേരെ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചിരുന്നു. 
 
ഇതടക്കം ആകെ 11 മലയാളികളെയാണ് നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിച്ചത്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ഉള്‍പ്പെടെ ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍, തായ്‌ലാന്റ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍  പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് 549 ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്.
 
രക്ഷപ്പെടുത്തിയ ഇന്ത്യന്‍ പൗരന്മാരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍