Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 March 2025
webdunia

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi Vijayan

അഭിറാം മനോഹർ

, വ്യാഴം, 13 മാര്‍ച്ച് 2025 (17:17 IST)
തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികം അനുസ്മരിക്കാനും   ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി കേരളത്തിലെത്തിയത്.
 
ഈ സാഹചര്യത്തിലാണ് തുഷാര്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്നുമുള്ള  ആക്രമണം ഒട്ടും വിഭിന്നമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍  അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്നും സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
 
 
രാജ്യത്തിന്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാര്‍ ഗാന്ധി പങ്കുവെച്ചത്. നമ്മുടെ സംസ്‌കാരം  വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുക  കൂടിയാണ് സംഘപരിവാര്‍ ചെയ്യുന്നത്.  പ്രകോപനത്തിന് വശംവദനാവാതെ  ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാര്‍ ഗാന്ധി ചെയ്തത്. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. 
 
മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തില്‍ ഉയരേണ്ടതാണ്. ജനാധിപത്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദര്‍ഭമാണിത്. ആ ബോധവും അതില്‍ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തില്‍  ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂ. മുഖ്യമന്ത്രി വ്യക്തമാക്കി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്