കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു
ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനു ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്
കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം ആരംഭിച്ചു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച പണിമുടക്കി സമരംയ ചെയ്യുമെന്ന് കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്‌കരിച്ചുമാണ് സമരം പുരോഗമിക്കുന്നത്. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി സംഭവത്തെ തുടര്‍ന്നാണ് കേരളത്തില്‍ അടക്കം പ്രതിഷേധം ശക്തമായിരിക്കുന്നത്.
ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കുക, ആശുപത്രി ജീവനക്കാര്‍ക്കെതിരായ ആക്രമണം തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരിക, ആശുപത്രികളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനു ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്. സൂചനാ പണിമുടക്ക് എന്ന നിലയിലാണ് രാജ്യവ്യാപക സമരം നടത്തുന്നത്.