ഇന്ന് എല്ലും തോലുമായ ശ്രീജിത്ത് ഒരുകാലത്ത് മിസ്റ്റർ തിരുവനന്തപുരമായിരുന്നു!
അന്ന് മിസ്റ്റർ തിരുവനന്തപുരം, ഇന്ന്...?
ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരമിരിക്കുന്ന ശ്രീജിത്തിനെ എല്ലാവരും അറിയും. അനുജന്റെ കൊലയാളികൾക്ക് ശിക്ഷ കിട്ടുന്നതിനായി സമരം ചെയ്യുന്ന ശ്രീജിത്തിനോട് കേരള ജനതയ്ക്ക് ബഹുമാനമാണ് തോന്നുന്നത്. എന്നാൽ, കഴിഞ്ഞ 760 ദിവസത്തെ സമരം ശ്രീജിത്തിന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
അനിയന്റെ നീതിക്ക് വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് ഒരുകാലത്ത് മിസ്റ്റര്‍ തിരുവനന്തപുരമായിരുന്നു. 65 കിലോ വിഭാഗത്തില്‍ 2005 – 07 കാലത്ത് തിരുവനന്തപുരം ജില്ലയില്‍ നടന്ന ശരീര സൗന്ദര്യ മത്സരങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും നടത്തിയ നിരവധി ശരീര സൗന്ദര്യ മത്സരങ്ങളില്‍ വിജയായി മാറിയ യുവാവായിരുന്നു ശ്രീജിത്ത്.
ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.