കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ 9.30-ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍നിന്ന് ആരംഭിക്കും. 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.
12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.
മാണിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കൾ രംഗത്തെത്തി. കെ.എം മാണിയുടെ നിര്യാണം കേരളീയ സമൂഹം അതീവ ദുഃഖത്തോടെയാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ഏതുകാര്യത്തിലും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന രാഷ്ട്രീയ അതികായനായിരുന്നു മാണിയെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു.