ലൈംഗിക ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച കെ സുധാകരനെ പരോക്ഷമായി തള്ളിപറഞ്ഞ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലുള്ള വ്യക്തിയാണെന്നും പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാര്‍ട്ടി നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ രാഹുലിന് അവകാശമില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.
കേസില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വരട്ടെ. അത് വന്നതിന് ശേഷം പാര്‍ട്ടി നടപടിയെടുക്കും. അന്വേഷണം സര്‍ക്കാര്‍ അനിശ്ചിതമായി കൊണ്ടുപോകുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണ്.
ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഒരു പുകമറയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാണ്.ഇത്ര ദിവസത്തിനകം അന്വേഷണം പൂര്‍ത്തികരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യ്യപ്പെട്ട് രാഹുലിന് കോടതിയെ സമീപിക്കാന്‍ കഴിയും. അതൊക്കെ അതിന്റെ വഴിക്ക്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാഹുല്‍ പുറത്തുള്ള ആളാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതില്ല.
സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ആര്‍ക്കും വോട്ട് പിടിക്കാം. തദ്ദേശ തെരെഞ്ഞെടുപ്പില്‍ വ്യക്തിപരമായി ബന്ധമുള്ള നിരവധി പേര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിക്കാറുണ്ട്. അസംബ്ലി തെരെഞ്ഞെടുപ്പില്‍ സഹായിച്ചവര്‍ക്ക് രാഹുല്‍ വീടുകളില്‍ പോയി പ്രചാരണം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.