അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പാകിസ്ഥാന്‍. പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി തകര്‍ന്നതായി പരസ്യമായി സമ്മതിച്ചത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതില്‍ വ്യക്തിപരമായി അവരെ സ്വാഗതം ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ പല തവണ അഫ്ഗാനില്‍ പോവുകയും ചെയ്‌തെങ്കിലും അവയൊന്നും പ്രയോജനപ്പെട്ടില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പരാമര്‍ശം.
അഫ്ഗാനില്‍ നല്ല മാറ്റത്തിനായുള്ള യാതൊരു സാധ്യതകളും കാണുന്നില്ല. എല്ലാ പരിധികളും ലംഘിക്കുന്നത് വരെ പ്രതീക്ഷ വേണമെന്നാണ്. എന്നാല്‍ ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും എഴുതിതള്ളുകയാണ്. അവരില്‍ ഒരു പ്രതീക്ഷയും ഞങ്ങള്‍ കാണുന്നില്ല.ഖ്വാജ ആസിഫ് പറഞ്ഞു. പാക് താലിബാനുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. 9 കുട്ടികള്‍ ഉള്‍പ്പടെ 10 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന ആരോപണം ഖ്വാജ ആസിഫ് തള്ളികളഞ്ഞു. തങ്ങള്‍ സാധാരണക്കാരെ ഒരിക്കലും ലക്ഷ്യം വെയ്ക്കാറില്ലെന്നും താലിബാനെ പോലെ അസംഘടിതമായ കൂട്ടമല്ല പാകിസ്ഥാനെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പ്രതികാരം ഇസ്ലാമിക നിയമപ്രകാരം നടപ്പിലാക്കുമെന്നാണ് താലിബാന്‍ പ്രതികരണം. ഇക്കാര്യം മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടികാണിച്ചപ്പോള്‍ ഏത് ഇസ്ലാമിക നിയമമെന്ന് ചോദിച്ച് ഖ്വാജ ആസിഫ് രോഷാകുലനായി.