K Muraleedharan vs Pamaja Venugopal: ചേട്ടനോടു മത്സരിക്കാന്‍ പത്മജ; രാജേഷിനെ എവിടെ മത്സരിപ്പിക്കും?
2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മുരളീധരന്‍ ജയിച്ചതാണ്
K Muraleedharan and Padmaja venugopal
K Muraleedharan vs Padmaja Venugopal: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കെ.മുരളീധരനും പത്മജ വേണുഗോപാലും ഏറ്റുമുട്ടുമോ? 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ 'സഹോദര പോര്' കാണാന്‍ കഴിയുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ.മുരളീധരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് പത്മജ വേണുഗോപാലിന്റെ നിലപാടാണ്.
2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മുരളീധരന്‍ ജയിച്ചതാണ്. മണ്ഡലത്തില്‍ സുപരിചിതനാണ്. അതിനാല്‍ വട്ടിയൂര്‍ക്കാവ് ജയസാധ്യതയുണ്ടെന്ന് മുരളീധരന്‍ കരുതുന്നു. എതിര്‍ സ്ഥാനാര്‍ഥിയായി ആര് എത്തിയാലും വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
2019 ല്‍ മുരളീധരന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വി.കെ.പ്രശാന്തിലൂടെ എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തത്. പിന്നീട് 2021 ല്‍ പ്രശാന്തിലൂടെ തന്നെ മണ്ഡലം നിലനിര്‍ത്തി. മുരളീധരന്‍ തിരിച്ചെത്തിയാല്‍ വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസും കരുതുന്നു. അതിനിടയിലാണ് മുരളീധരനെതിരെ പത്മജയെ ഇറക്കാന്‍ ബിജെപി ആലോചിക്കുന്നത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയത്. പത്മജയോടു കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി അവരുമായി യാതൊരു ബന്ധവുമില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജയെ തന്നെ കളത്തിലിറക്കാനാണ് ബിജെപിയുടെ ആലോചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ബിജെപിയില്‍ നടന്നിട്ടില്ലെന്നാണ് പത്മജ പറയുന്നത്. അപ്പോഴും വട്ടിയൂര്‍ക്കാവില്‍ മുരളീധരനെതിരെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പത്മജ പറഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്മജ മത്സരിച്ചത് തൃശൂരിലാണ്. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി വി.വി.രാജേഷ് ആയിരുന്നു. ബിജെപിയിലേക്ക് എത്തിയപ്പോള്‍ പത്മജയെ എങ്ങനെ പരിഗണിക്കുമെന്ന് കണ്ടറിയണം. ഒപ്പം വട്ടിയൂര്‍ക്കാവില്‍ 2021 ല്‍ രണ്ടാം സ്ഥാനത്തെത്തിയ വി.വി.രാജേഷിനെ ബിജെപി എവിടെ മത്സരിപ്പിക്കുമെന്നും !