കേരളത്തിലെ യുവ എം എല്‍ എമാരായ വി ടി ബല്‍റാമും കെ യു ജെനീഷ്‌കുമാറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. "കൊറോണ വന്നതിനു ശേഷം ആരും എട്ട് മണിക്കൂറല്ല ഒരു മണിക്കൂർ പോലും ഉറങ്ങിയിട്ടില്ല സേർ... ഉറങ്ങിയിട്ടില്ല എന്നതൊക്കെ വല്ല കോന്നിയിലും പോയി പറഞ്ഞാൽ മതി” എന്ന ബലറാമിന്‍റെ പരിഹാസത്തിന് ചുട്ടമറുപടി നല്‍കിക്കൊണ്ട് ജെനീഷ് കുമാര്‍ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. കേരളത്തിൽ ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടായത് ബല്‍റാം അറിഞ്ഞിട്ടില്ലെന്ന് മറുപടി നല്‍കുന്ന ജെനീഷ്, അത് അദ്ദേഹത്തിന്‍റെ കുറ്റമല്ലെന്നും പറയുന്നു. അതിന്‍റെ കാരണങ്ങളും കോന്നി എം എല്‍ എ തന്‍റെ പോസ്റ്റില്‍ നിരത്തുന്നുണ്ട്.
ജെനീഷ്‌കുമാറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
ബഹുമാനപ്പെട്ട വി ടി ബലറാം എം എൽ എ ഫേസ്ബുക്കിൽ അക്ഷീണം കൊറോണയെ പ്രതിരോധിക്കുന്നവരെ പ്രതിരോധിക്കുന്ന സ്തുത്യർഹമായ കർത്തവ്യത്തിലാണ് കഴിഞ്ഞ ഒന്നൊന്നര മാസമായിട്ടുള്ളത്. അദ്ദേഹം ഇന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കൊറോണക്കാലത്ത് ആ മഹാമാരിയെ മുന്നിൽ നിന്ന് നേരിട്ടവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു എന്ന എന്റെ നിയമസഭാ പ്രസംഗത്തിലെ പരാമർശത്തെയും പരിഹാസപൂർവ്വം ഉപയോഗിച്ചതായി കാണുകയും ചെയ്തു.
സത്യത്തിൽ ഒരത്ഭുതവും തോന്നിയില്ല എന്നത് ഞാനറിയിക്കട്ടെ. ഇന്നലെയുണ്ടായ അദ്ദേഹത്തിന്റെ കമന്റ് പ്രകാരം ബലറാം കേരളത്തിൽ ഹെൽത്ത് എമർജൻസി പോലും ഉണ്ടായതറിഞ്ഞിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കുറ്റം പറയാനാവില്ല, ഇടതടവില്ലാതെ ഡാറ്റ ലഭിക്കുകയും, ഓൺലൈനിൽ പതിവിലും കൂടുതൽ ആൾക്കാരിരിക്കുകയും ഫേസ്ബുക്ക് സാധാരണഗതിയിൽ പ്രവർത്തനം നൽകുകയും ചെയ്യുന്ന സ്ഥിതിക്ക് അദ്ദേഹത്തിന് സ്വഭാവിക ജീവിതത്തിലെന്തെങ്കിലും മാറ്റം വന്നതോ നാട്ടുകാർ ലോക്ക്ഡൗണിലിരിക്കുന്ന കാര്യമോ അറിഞ്ഞിരിക്കാൻ വഴിയില്ല.
എങ്ങനായാലും ഒരുപാട് പേര് ഉറക്കമൊഴിച്ചും പണിയെടുത്തും നമ്മളങ്ങനൊരു അടിയന്തിരാവസ്ഥയെ അതിജീവിക്കുകയാണെന്ന് ബലറാം മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മറ്റൊന്ന്, ബലറാം ഫേസ്ബുക്കിലെ മുടിചൂടാമന്നനാണെന്നാണ് ഞാൻ അറിഞ്ഞത്. അതിന്റെ ചില ഉദാഹരണങ്ങൾ മാലോകർ പറഞ്ഞിതിങ്ങനെയാണ്.
വിക്കറ്റെണ്ണലായിരുന്നു ഒരു കാലത്ത് ഹോബി, ആട്ടിൻപറ്റം പോലെ സ്വന്തം ടീമിലെ കളിക്കാർ കുറ്റിക്കടിച്ച് മറ്റേ കൂടാരത്തിലേക്ക് കേറാൻ തുടങ്ങീപ്പോ വിക്കറ്റെണ്ണൽ നിർത്തി.
വംഗനാട്ടിലെ ഭരണാധികാരി ദീദിയെ നോക്കിപ്പഠിക്കാടാ എന്ന് ഗീർവാണമായിരുന്നു പിന്നെ പണി, അതേ ദീദി ഫാസിസ്റ്റുകൾക്ക് വിരുന്നൊരുക്കലും അവർക്ക് കലാപത്തിൽ ക്ലീൻ ചിറ്റ് കൊടുക്കലുമായപ്പോ അത് നിന്നു.
ബീഫ് നിരോധം വന്നപ്പോ 'കാളേടെ മോനേ' എന്നൊക്കെ പോസ്റ്റിട്ടയാളാണ്. സ്വന്തം പാർട്ടിക്കാരാണ് ഇന്ത്യ മൊത്തം പശുരാഷ്ട്രീയം കൊണ്ടുവന്നതെന്ന് ആരോ കമന്റിട്ടതോടെ അതും തീർന്നു.
പുരോഗമനമെന്നൊക്കെ പറഞ്ഞാ ഫേസ്ബുക്ക് വാളിൽ വല്ലാത്ത പുരോഗമനായിരുന്നു. ഇലക്ഷന് കുടുംബയോഗങ്ങളിൽ പോയി പച്ചക്ക് വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന വീഡിയോ വന്നപ്പോ അതങ്ങഴിഞ്ഞ് വീണു.
പൗരത്വ ബില്ലിൽ ഇടതുപക്ഷത്തിന് ഉപദേശം കൊണ്ടയ്യര് കളിയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട് ചോദിച്ചാൽ മൗനിബാബയാണ്.
അവസാനം ബാബരി വിധിയെ അനുകൂലിച്ച് സംസാരിച്ചതാണ്. ജഡ്ജിനെ ബി ജെ പി രാജ്യസഭക്ക് അയച്ചെന്നറിഞ്ഞപ്പോയാണ് ബോധം വീണതെന്നാണറിഞ്ഞത്.
ഇത്തരം സോഷ്യൽ മീഡിയാ കില്ലാഡികളോട് മുട്ടി സമയം കളയാൻ ഇപ്പോൾ സമയമില്ല എന്നത് ഞാൻ മനസിലാക്കുന്നു. മാത്രമല്ല, എനിക്ക് നാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ജനങ്ങൾ ജയിപ്പിച്ച് വിട്ടത് അവർക്കൊരാവശ്യം വരുമ്പോ അവർക്കൊപ്പം നിൽക്കാനാണല്ലോ. ആ ഉത്തരവാദിത്തം ഞാൻ നിറവേറ്റണമല്ലോ. അപ്പോൾ നിർത്തുകയാണ്.
ഈ പോസ്റ്റ് എൻഡ്-ടു-എൻഡ് എൻക്രിപ്ടഡായിട്ടല്ല അയക്കുന്നത്. അതുകൊണ്ട് തന്നെ വായിക്കുന്നവർ മൈക്രോലെവൽ ലെവൽ മാനേജ്മെന്റിനായി ഈ വാക്കുകൾ ഉപയോഗിക്കാനുള്ള സാധ്യത കാണുന്നുണ്ട്.
ഐ ടി മേഖലയിൽ അപാര പാണ്ഡിത്യമുള്ള ബലറാമിന് അത് മനസിലാകുമായിരുക്കുമെന്ന് വിശ്വസിക്കുന്നു.