രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്‍റെ നടപടികളെയെല്ലാം പിന്തുണയ്ക്കാനുള്ള ബാധ്യത സി പി ഐക്കില്ലെന്നും കാനം. യു എ പി എ കേസില്‍ പൊലീസിനെതിരെ കാനം ആഞ്ഞടിച്ചതോടെ ഇടതുമുന്നണി രാഷ്ട്രീയം കലങ്ങിമറിയുകയാണ്.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ തുടര്‍ച്ചയാണ്. മാവോവാദികളെ ജനാധിപത്യ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ വെടിവച്ചു കൊല്ലുകയല്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ വെടിയുണ്ടകള്‍ കൊണ്ടല്ല നേരിടേണ്ടത്. അങ്ങനെ നേരിട്ടിരുന്നു എങ്കില്‍ രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ തന്നെ ഉണ്ടാകുമായിരുന്നില്ല - കാനം രാജേന്ദ്രന്‍ പറഞ്ഞു.
പുസ്തകങ്ങള്‍ സൂക്ഷിച്ചാല്‍ എങ്ങനെയാണ് അത് കുറ്റകരമാകുന്നത്? ലൈബ്രറികളില്‍ രാമായണവും മഹാഭാരതവും മാത്രം മതിയോ? രണ്ട് സിം കാര്‍ഡുകളുള്ള ഫോണ്‍ മാരകായുധമല്ല. യു എ പി എ ചുമത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് തെളിവുകള്‍ ചമയ്ക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. ഇതുപോലെയുള്ള കരിനിയമങ്ങള്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പാടില്ല - കാനം നിര്‍ദ്ദേശിച്ചു.
പൊലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകളോട് ബഹുമാനമില്ലെന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.