എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. എ ഡിഎമ്മിനെതിരെ ദിവ്യ നടത്തിയ പ്രസംഗവും തെറ്റായ നടപടിയാണ്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ എത്തിയതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളെ പറ്റി പറയുന്ന ഭാഗത്താാണ് വിമര്‍ശനം. ക്ഷണിക്കാത്ത വേദിയിലെത്തി ഇത്തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റും നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പരാതി നല്‍കേണ്ട സ്ഥലത്ത് വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.