അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശിനി 30 കാരിയായ രസ്‌നയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. മൂക്കിന്റെ ദശ വളര്‍ച്ചയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 24നാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് കാഴ്ച പ്രശ്‌നമുള്ള കാര്യം രസ്‌ന ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടു ദിവസം കൊണ്ട് ശരിയാകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നാലെ നേത്രരോഗ വിദഗ്ധരെ കാണാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതാണ് കാഴ്ച നഷ്ടമാവാന്‍ കാരണമെന്ന് നേത്രരോഗ വിദഗ്ധര്‍ പറഞ്ഞു.
പിന്നീട് കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത് ചികിത്സിച്ചു പഴയ രൂപത്തിലാക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ രസ്‌നക്ക് കാഴ്ച നഷ്ടപ്പെട്ടതോടെ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.