കസബ വിവാദം; ദയവ് ചെയ്ത് ഒന്നു അവസാനിപ്പിക്കുമോ? - സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു
പാർവതി പറഞ്ഞതെല്ലാം ശരിയെന്നു ചിന്തിക്കുന്നില്ല, പക്ഷേ മാന്യമായി ചർച്ച ചെയ്യണം: സന്തോഷ് പണ്ഡിറ്റ്
മമ്മൂട്ടി ചിത്രം കസബയേയും അതിലെ നായക കഥാപാത്രത്തേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച നടി പാർവതിക്കെതിരെയുള്ള സൈബർ ആക്രമണം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവാദങ്ങൾ കെട്ടടങ്ങുന്നതിനനുസരിച്ച് പ്രമുഖർ ആരെങ്കിലും വീണ്ടും അത് കുത്തിപ്പൊക്കി കൊണ്ടുവരുന്ന കാഴ്ചയാണ് കാണുന്നത്.
ഇപ്പോഴിതാ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമില്ലേയെന്ന് പണ്ഡിറ്റ് ചോദിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നമ്മുക്കു ശരിയായി തോന്നിയില്ലെങ്കിൽ മാന്യവും സഭ്യവുമായ ഭാഷയിലാണ് നാം പ്രതികരിക്കേണ്ടത്. ഒരിക്കലും ഒരാളേയും ഹരാസ് ചെയ്യുന്ന വാക്കുകളോ, ഭീഷിണിയുടെ സ്വരമോ ഉപയോഗിക്കരുതെന്ന് പണ്ഡിറ്റ് പറയുന്നു.
ഈ നടിയുടെ പരാമർശവുമായ് ബന്ധപ്പെട്ട വിവാദം ഉടനെ അവസാനീപ്പിക്കുവാൻ കേരളത്തിലെ മുഴുവൻ ജനങ്ങളോടുംഞാൻ താഴ്മയോടെ അപേക്ഷിക്കൂന്നുവെന്നും അദ്ദേഹം എഴുതിച്ചേർക്കുന്നു. പരിധി വിട്ടുള്ള വിമർശനങ്ങൾ ഒരു ഗുണവും ചെയ്യില്ല. ഒരാളുടേയും മനസ്സു വേദനിപ്പിക്കാതെ ബുദ്ധിപൂർവ്വം സംസാരിക്കുകയും, അഭിപ്രായം പറയുകയും ചെയ്യണമെന്നാണ് പണ്ഡിറ്റ് പറയുന്നത്. നടി പറഞ്ഞതെല്ലാം ശരിയെന്നു ചിന്തിക്കൂന്നില്ലെന്നും പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നുണ്ട്.