Publish Date: Sun, 31 Jan 2021 (07:11 IST)
Updated Date: Sun, 31 Jan 2021 (07:13 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം. 'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടും.മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ജാഥ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യ അതിഥിയായിരിക്കും.