സംസ്ഥാനത്ത് ഇനി റേഷൻ കടകൾ സഞ്ചരിക്കും. കെഎസ്ആർടിസിയും സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേർന്നാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഈ ദൗത്യത്തിനായി ബസുകൾ പ്രത്യേകം രൂപം മാറ്റുകയും പ്രത്യേകം ഡ്രൈവർമാരെ നിയമിക്കുകയും ചെയ്യും. കേരളത്തിലെ മലയോരമേഖലകളിലേയും തീരദേശമേഖലകളിലെയും ജനങ്ങൾക്ക് ആശ്വാസമാകുന്നതാകും ഈ നീക്കം.
'റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ്' എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകള്‍, ചിലവ് എന്നിവ സംബന്ധിച്ച് ഗതാഗത വകുപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ് ചര്‍ച്ച നടത്തി. ആദ്യഘട്ടത്തിൽഎല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയില്‍ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നത്. ഇതിനോടൊപ്പം സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളായി കെഎസ്ആർടിസിയെ മാറ്റാനും സാധ്യതയുണ്ട്.
അതേസമയം കണ്ടം ചെയ്‍ത കെഎസ്‍ആര്‍ടിസി ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കെഎസ്‍ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ധാരണയായെന്നും ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.