രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്തി പിണറായി വിജയന്‍. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി സാഹചര്യത്തിന്റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്രം ബന്ധപ്പെടണം. അങ്ങനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോള്‍ രാജ്യം അത് ചെയ്തിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് സംസ്ഥാന നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.