Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ണക്കാഴ്ചകളുമായി തൃശൂര്‍ പൂരം

പൂരങ്ങളുടെ പൂരത്തിന് തുടക്കം; ദൃശ്യവിസ്മയമായ തൃശൂര്‍ പൂരം, ആവേശക്കാഴ്ചയൊരുക്കി വടക്കുന്നാഥ ക്ഷേത്രം

വര്‍ണക്കാഴ്ചകളുമായി തൃശൂര്‍ പൂരം
, ബുധന്‍, 25 ഏപ്രില്‍ 2018 (08:54 IST)
മേളക്കൊഴുപ്പിലും വര്‍ണജാലത്തിലും ആനകളുടെ ഗംഭീരതയിലും കരിമരുന്ന് പ്രയോഗത്തിന്‍റെ മായാജാലത്തിലും ആറാടി കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍ പൂരങ്ങളുടെ പൂരത്തിന് തുടക്കമായി. പുലര്‍ച്ചെ ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരനഗരി അവേശത്തിലായി. 
 
ചെറുപൂരങ്ങളുടെ വരവോടെ പൂരനഗരി ഉണര്‍ന്നു. വാദ്യമേളങ്ങളുടെ പെരുമയും പൂരപ്രേമികള്‍ക്ക് ആവേശം പകരുന്നുണ്ട്. കോങ്ങാട് മധുവാണ് ഇത്തവണ പൂരത്തിലെ പഞ്ചവാദ്യത്തിലെ പ്രമാണി. രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറ മേളം. തുടര്‍ന്ന് അഞ്ചരയോടെ കുടമാറ്റത്തിന് തുടക്കമാവും. കൂടുതല്‍ കുടകള്‍ കൈമാറുന്നതിനാല്‍ ഇത്തവണ കുടമാറ്റത്തിന് ദൈര്‍ഘ്യമേറും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് നടക്കുക. 
 
വടക്കുന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തേക്കിന്‍ കാട് മൈതാനത്തില്‍ വച്ചാണ് തൃശൂര്‍ പൂരം നടക്കുന്നത്. ചുടലപ്പറമ്പില്‍ ഉറങ്ങുന്ന, ശനി ദോഷം മൂലം ഭിക്ഷ യാചിക്കേണ്ടി വന്ന മഹാദേവനെ സംരക്ഷിക്കുന്നതിനായി ശക്തന്‍ തമ്പുരാന്‍ ക്ഷേത്രത്തിനു ചുറ്റും വലിയ മതിലുകള്‍ പണിതു. പരമേശ്വര സന്നിധിയിലേക്ക് എത്താനായി നാലു കൂറ്റന്‍ കവാടങ്ങളും തമ്പുരാന്‍ പണികഴിപ്പിച്ചു.
 
ഇതിലൊക്കെ കേമമായി ശക്തന്‍ തമ്പുരാന്‍ ഒരു കാര്യം കൂടി ചെയ്തു-ജനകീയമായ ഒരു പൂരം സംഘടിപ്പിച്ചു. നമ്പൂതിരി സമുദായത്തിന് യാതൊരു അധികാരമില്ലാതിരുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോട് തേക്കിന്‍ കാട് മൈതാനിയില്‍ പൂരം സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടതും 36 മണിക്കൂറുള്ള പൂരത്തിന്‍റെ സമയക്രമം നിശ്ചയിച്ചതും ശക്തന്‍ തമ്പുരാനാണ്.
 
തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം ഒരുക്കുന്ന ശ്രവ്യ അനുഭവം അനുപമമാണ്. 200 ലധികം കലാകാരന്‍‌മാര്‍ ചേര്‍ന്ന് നടത്തുന്ന ഈ നാദ വിസ്മയം നേരിട്ട് അനുഭവിക്കാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കലാപ്രേമികള്‍ എത്തുന്നു. 
 
പൂരത്തിനോട് മുന്നോടിയായി ആനചമയങ്ങളുടെ പ്രദര്‍ശനം, പൂര ദിവസം നടക്കുന്ന കുടമാറ്റം എന്നിവ എത്ര കണ്ടാലും മതിവരാത്ത ഓര്‍മ്മയാണ് കലാ ഉപാസകരുടെ മനസ്സില്‍ കോറിയിടുന്നത്. 
 
തൃശൂര്‍ പൂരത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ മതേതര സ്വഭാവമാണ്. പൂരത്തിനായി മനോഹരമായ പന്തലുകളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്നേ തൃശൂര്‍ പട്ടണമാകെ പൂരത്തിരക്കുകളില്‍ മുങ്ങുന്നു. തൃശൂരില്‍ പൂരം ആരംഭിച്ചിട്ട് 200 കൊല്ലമെങ്കിലും ആയിട്ടുണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോറിൽ വിഷം കലർത്തി മക്കളെ കൊന്നു, എന്നിട്ട് ഒന്നുമറിയാത്ത പോലെ അവരുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു! - സൌമ്യയുടെ ക്രൂരമുഖം പൊളിച്ചെറിഞ്ഞ് പൊലീസ്