സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹർജിയിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ ഗൗരവകരമായ പരാമർശങ്ങളുമായി ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്.വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കെ റെയിൽ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിൽ വ്യക്തതയില്ല. കേന്ദ്രം നിലപാടു വ്യക്തമാക്കണം. കോടതിയെ ഇരുട്ടത്തു നിർത്തരുത്. പദ്ധതിക്കു കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു കെ–റെയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്നും കേന്ദ്രത്തിനും റെയിൽവേയ്ക്കും ഭിന്നമായ താത്‌പര്യങ്ങൾ ഉള്ളതിനാൽ ഒരു അഭിഭാഷകൻ തന്നെ ഇരുവർക്കും ഹാജരാകുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍വേ നിയമപ്രകാരം പദ്ധതിക്കായി സര്‍വേ നടത്തുന്നതിനു കോടതി എതിരല്ല. കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകൾ പാടില്ല. നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുവെന്നും തിടുക്കം കാണിച്ച് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിനായി ഹർജി ഈ മാസം 21ലേക്ക് മാറ്റി.