കേരളത്തിലെ തദ്ദേശ തെരെഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. 2 ഘട്ടങ്ങളിലായാകും തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 9നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നാകും വോട്ടെണ്ണല്‍. നവംബര്‍ 14ന് തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം എന്നീ 7 ജില്ലകളിലാകും ആദ്യഘട്ട വോട്ടെടുപ്പ്പ്പ് നടക്കുക.
രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് എന്നീ 7 ജില്ലകളിലും വോട്ടെടുപ്പ് നടക്കും.വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദേശപത്രിക നല്‍കാം. തെരെഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക. ആകെ 23576 വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ്.