Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്നത് ആഭിചാരവും ദുര്‍മന്ത്രവാദവും; ബൂരാരിയിലെ ആ വീടുപോലെ കൃഷ്‌ണന്റെ കുടുംബവും - ഭയത്തോടെ സമീപവാസികളും!

നടന്നത് ആഭിചാരവും ദുര്‍മന്ത്രവാദവും; ബൂരാരിയിലെ ആ വീടുപോലെ കൃഷ്‌ണന്റെ കുടുംബവും - ഭയത്തോടെ സമീപവാസികളും!

നടന്നത് ആഭിചാരവും ദുര്‍മന്ത്രവാദവും; ബൂരാരിയിലെ ആ വീടുപോലെ കൃഷ്‌ണന്റെ കുടുംബവും - ഭയത്തോടെ സമീപവാസികളും!
തൊടുപുഴ , ബുധന്‍, 1 ഓഗസ്റ്റ് 2018 (17:09 IST)
ബുരാരിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11പേർ കൊല്ലപ്പെട്ട സംഭവം ഭയപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായിരുന്നു. കൂട്ടമരണം ‘മോക്ഷപ്രാപ്തിയുടെ’ ഭാഗമായുള്ളതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കാന്‍ നിരവധി കാരണങ്ങള്‍ ഭാട്ടിയ കുടുംബം ബാക്കിവെച്ചിരുന്നു.

ബുരാരിയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തോട് സമാനതകളേറെയുള്ളതായിരുന്നു ജാര്‍ഘണ്ഡിലെ റാഞ്ചി അര്‍സാന്ദെ മേഖലയില്‍ നടന്ന സംഭവം. ഒരു കുടുംബത്തിലെ ഏഴുപേരെയാണ് ഇവിടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തൂങ്ങി മരിച്ച നിലയിലായിരുന്നു ഭാട്ടിയ കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളെയും കണ്ടെത്തിയതെങ്കില്‍ റാഞ്ചിയില്‍  നടന്ന കൂട്ടമരണത്തില്‍ രണ്ടു പേരെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ള അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചത് അടുപ്പിച്ചിട്ട രണ്ടു കട്ടിലുകളിൽ പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു.

ഈ രണ്ട് സംഭവങ്ങളോടും സമാനതകള്‍ പുലര്‍ത്തുന്നതാണ് ഇടുക്കി വണ്ണപ്പുറത്തുണ്ടായിരിക്കുന്നത്. ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതാണ് പൊലീസിനെയും സമീപവാസികളെയും ആശങ്കപ്പെടുത്തുന്നത്.

കമ്പകക്കാനം കാനാട്ട് കൃഷ്ണൻകുട്ടി (52)‍, ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് സംഘം എത്തുന്നുണ്ടെങ്കിലും കൃഷ്ണൻകുട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആഭിചാര കര്‍മ്മങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ‍

ബന്ധുക്കളുമായും നാട്ടുകാരുമായും അധികം ബന്ധം സ്ഥാപിക്കാത്തെ കൃഷ്‌ണന്‍കുട്ടിയുടെ കുറച്ചു നാളുകളായി മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തിരുന്നു. അയല്‍ വീടുകളില്‍ നിന്നുപോലും ആരും ഇവിടേക്ക് വരാറില്ല. രാത്രിസമയങ്ങളില്‍ വാഹനങ്ങളില്‍ അപരിചിതരായ ആളുകള്‍ വീട്ടില്‍ എത്തിയിരുന്നത് സംശയങ്ങള്‍ ബലപ്പെടുത്തുന്നുണ്ട്.

കൃഷ്ണൻ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ വ്യക്തമാക്കുന്നുണ്ട്. പത്തു വര്‍ഷമായി കൃഷ്ണനുമായി ബന്ധമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.  

കൃഷ്‌ണന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ കറുത്ത പ്ലാസ്‌റ്റിക്ക് ഉപയോഗിച്ച് മറച്ചിരുന്നു. വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൃഷ്‌ണനെ അന്വേഷിച്ച് അകലെ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. രാത്രിസമയത്ത് വീട്ടില്‍ പൂജകള്‍ നടന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങളില്‍ കണ്ട മാരക മുറിവുകളാണ് സംശയമുണ്ടാക്കുന്നത്.

കൃഷ്‌ണന്‍‌കുട്ടിയേയും കുടുംബത്തെയും മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പുറത്ത് കുഴിയെടുത്ത് മൂടിയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊല നടന്നത് വീടിനുള്ളില്‍ വെച്ചാണെന്നുള്ളതിന്റെ തെളിവാണ് മുറിക്കുള്ളിലുണ്ടായിരുന്ന രക്തക്കറ. ആറടിയോളം വരുന്ന കുഴിയിൽ ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കിയാണു മൃതദേഹങ്ങൾ മറവുചെയ്തിരുന്നത്.

കൃഷ്ണന്റെയും മകന്റെയും തലയിലും ശരീരത്തും മാരകമായ മുറിവേറ്റ നിലയിലാണ്. സുശീലയുടെ ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണു പൊലീസ് പറമ്പിൽ പരിശോധന നടത്തിയതും മൃതദേഹം പുറത്തെടുത്തതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസാമിൽ പൊങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്