Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മുൻപരിചയമില്ലാത്ത പെൺകുട്ടികളിൽ നിന്ന് കോളുകൾ, അറ്റൻഡ് ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ കെണി: മുന്നറിയിപ്പുമായി കേരള പോലീസ്

Kerala police
, തിങ്കള്‍, 24 ജൂലൈ 2023 (19:39 IST)
സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമാകുന്ന പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പുമായി കേരള പോലീസ്. അപരിചതരില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റിന് പിന്നാലെ വീഡിയോ കോളിന് വിളിച്ച് ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പില്‍ നിന്നും ജാഗ്രത പാലിക്കണമെന്നാണ് കേരള പോലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 
ഇത്തരം കോളുകള്‍ സ്വീകരിച്ചാല്‍ ഒരു വശത്ത് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യമാകും കാണാനാകുന്നത്. അതിനനുസരിച്ച് പ്രതികരിച്ചാലും ഇല്ലെങ്കിലും വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഈ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുനല്‍കുമെന്നുമുള്ള ഭീഷണി സന്ദേശങ്ങളാകും പിന്നീട് വരുന്നത്. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്ന് ആവശ്യപ്പെടും. കോള്‍ അറ്റെന്‍ഡ് ചെയ്താല്‍ നിങ്ങളുടെ രൂപം എഡിറ്റ് ചെയ്ത് അശ്ലീലത കലര്‍ത്തിയുള്ള വീഡിയോ ആക്കി ഇതിനൊപ്പം അയച്ചു നല്‍കും. തട്ടിപ്പിന് ഇരയായാല്‍ എന്തു ചെയ്യണമെന്നും മുന്നറിയിപ്പില്‍ പോലീസ് പറയുന്നു.
 
കേരള പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ
 
സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാല്‍ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നുമായിരിക്കും സന്ദേശം. കാള്‍ അറ്റന്‍ഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശഌലത കലര്‍ത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നല്‍കും.
 
ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണം ?
 
ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുത്. നല്‍കിയാല്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുള്‍പ്പെടെ വിവരമറിയിച്ച് ധൈര്യപൂര്‍വം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ഓണ്‍ലൈന്‍ മുഖാന്തരമോ പരാതി നല്‍കുക. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി