അധ്യക്ഷ സ്ഥാനം ഇങ്ങ് തന്നേക്ക്, രാജി മുഴക്കി അബിൻ വർക്കിയടക്കമുള്ള ഭാരവാഹികൾ
അബിന്‍ വര്‍ക്കിയുടെ പേരിന് പുറമെ മറ്റ് പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതായാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ആളെ കൊണ്ടുവരാനാണ് ഉദ്ദേശമെങ്കില്‍ രാജിവെയ്ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയടക്കമുള്ള 40 ഭാരവാഹികളും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
നിലവിലെ വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. പ്രസിഡന്റ് എന്തെങ്കിലും കാരണവശാല്‍ രാജിവെയ്ക്കുകയോ പുറത്തുപോവുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ചുമതല കൈമാറുന്നതാണ് രീതിയെന്നും അങ്ങനെയെങ്കില്‍ പദവിക്ക് അര്‍ഹന്‍ അബിന്‍ വര്‍ക്കിയാണെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.
അബിന്‍ വര്‍ക്കിയുടെ പേരിന് പുറമെ മറ്റ് പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതായാണ് വിവരം. എന്നാല്‍ അത്തരം തീരുമാനങ്ങളിലേക്ക് കടന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് അബിന്‍ വര്‍ക്കിയെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാഹുലിനെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അബിന്‍ വര്‍ക്കിയെ കൂടാതെ ബിനു ചുള്ളിയില്‍, കെ എം അഭിജിത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.