യഥാർത്ഥ കാരണം ജാതിയും മതവും, പക്ഷേ പറയുന്നത് രാഷ്ട്രീയവും പൊലീസ് വീഴ്ചയും; കെവിൻ ചെയ്ത തെറ്റ് നീനുവിനെ സ്നേഹിച്ചതോ? - സി കെ വിനീത് ചോദിക്കുന്നു
കെവിന്റെ കൊലപാതകത്തിന് കാരണം ജാതിയും മതവുമാണ്, രാഷ്ട്രീയമല്ല: സി കെ വിനീത്
Publish Date: Tue, 29 May 2018 (18:35 IST)
Updated Date: Tue, 29 May 2018 (18:38 IST)
പ്രണയവിവാഹത്തെ തുടർന്ന് ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ മരണത്തിലെ യഥാർത്ഥ കാരണം ആരും ചർച്ച ചെയ്യുന്നില്ലെന്നും അത് എന്തിനാണ് മറച്ചു പിടിക്കുന്നതെന്നും സി കെ വിനീത്. ജാതിയും മതവുമാണ് കെവിന്റെ കൊലപാതകത്തിന്റെ മുഖ്യകാരണമെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ എന്തുകൊണ്ടാണ് അത് ചർച്ച ചെയ്യാൻ ആളുകൾ മടിക്കുന്നതെന്നും വിനീത് ചോദിക്കുന്നു.
കെവിന്റെ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം, ജാതിയും മതവും ആണ്. പക്ഷേ, ആളുകള്‍ സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചും പൊലീസിന്റെ അനാസ്ഥയെ കുറിച്ചുമാണ്. മാധ്യമങ്ങള്‍ പോലും യഥാര്‍ത്ഥ കാരണം പറയുന്നില്ലെന്ന് കേരളത്തിലെ മുന്‍നിര ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
യഥാര്‍ത്ഥ കാരണം അറിയുമെങ്കിലും ആളുകള്‍ അത് മറച്ച് വെച്ച് സംസാരിക്കുന്നത് തന്നെ ഞെട്ടിക്കുന്നുവെന്ന് പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരന്‍ എഴുതുന്നവരും പറയുന്നവരും ഈ കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നത് തന്നെ ആശങ്കയിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ കെവിന്റെ കുടുംബത്തിനുള്ള ദുഖം തനിക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. ഈ ദുരന്തത്തില്‍ നിന്നും ആ കുടുംബം എത്രയും പെട്ടെന്ന് കരകയറട്ടെ എന്ന് പ്രതീക്ഷിക്കാം. വിനീത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.