Select Your Language

Notifications

webdunia
webdunia
webdunia
webdunia

"കെ എം ബഷീറിന്റെ മരണം നടന്ന് നാല് മാസം, വാട്സപ്പ് ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ്റ് ആയത് ഇന്നലെ"

അഭിറാം മനോഹർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2019 (18:35 IST)
ശ്രീറാം വെങ്കിട്ടരാമൻ ഐെസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ബഷീർ ഉൾപ്പെട്ടിരുന്ന മാധ്യമ വാട്സപ്പ് ഗ്രൂപ്പുകളിൽ നിന്നും കുടുംബഗ്രൂപ്പുകളിൽ നിന്നും ബഷീറിന്റെ നമ്പർ ഇന്നലെ ലെഫ്റ്റ് ആയതോടെയാണ് ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടത്.
 
ഓഗസ്റ്റ് മൂന്നാം തിയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷന് സമീപമുള്ള പബ്ലിക്ക് ഓഫീസിനടുത്ത് വാഹനാപകടത്തിൽ ബഷീർ മരിക്കുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകർ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില്ല. പിന്നീട് സ്വിച്ച് ഓഫായ ഫോണിൽ മറ്റേതെങ്കിലും സിം ഉപയോഗിക്കുന്നുണ്ടൊ എന്നറിയാൻ ക്രൈംബ്രാഞ്ച്  ഐ എം ഇ ഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല. അതിനിടെയാണ് മരണം നടന്ന് ഇത്രയും കാലമായപ്പോൾ ബഷീറിന്റെ നമ്പർ വാട്സപ്പ് ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ്റ് ആയിരിക്കുന്നത്.
 
ബഷീർ വാട്സപ്പ് ഉപയോഗിച്ചിരുന്ന സിം അപകടസ്ഥലത്ത് നിന്നും കാണാതായ ഫോണിലായിരുന്നു ഉണ്ടായിരുന്നത്. കേസിന്റെ തുടരന്വേഷണത്തിന് ഫോൺ നിർണായകമായതിനാൽ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈൽ കമ്പനികളുടെയും സഹായം തേടിയിട്ടുണ്ട്. 
 
കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്സപ്പ് ഗ്രൂപ്പുകളിൽനിന്നും സ്വയം ലെഫ്റ്റ് ആവാനുള്ള സാധ്യത  ക്രൈംബ്രാഞ്ച് പരിശോധിച്ചുവെങ്കിലും അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. 
 
ഫോൺ നമ്പർ ഒരു തവണ റെജിസ്റ്റർ ചെയ്താൽ സിം ഇല്ലെങ്കിലും ഫോണിൽ വാട്സപ്പ് ലഭിക്കും. ബഷീറിന്റെ കാണാതായ ഫോണിലെ വാട്സപ്പ് ആരെങ്കിലും ഡിസേബിൾ ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ ഫോൺ കിട്ടിയ ആൾ സിം ഊരി മാറ്റിയ ശേഷം വൈഫൈ ഉപയോഗിച്ച് ഇത് ചെയ്തിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
 
അങ്ങനെയെങ്കിൽ ഐ പി അഡ്രസ്സ് ഉപയോഗിച്ച് കൊണ്ട് ആളെ കണ്ടെത്താനാകും സിം ഫോണിൽ ഉപയോഗിച്ചാൽ ഐ എം ഇ ഐ നംബർ ഉപയോഗിച്ച് ആളെകുറിച്ചുള്ള വിവരങ്ങൾ അനായാസം ശേഖരിക്കാം. ഇതുവഴി ഫോൺ എങ്ങനെ അയാളിലെത്തി എന്നതിന്റെ ഉത്തരവും ക്രൈംബ്രാഞ്ചിന് ലഭിക്കും. കേസ് അന്വേഷണത്തിന് സഹായകരമായ രേഖകൾ ഫോണിലുണ്ടോയെന്ന് ക്രൈംബ്രാഞ്ചിന് പരിശോധിക്കാനും സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ എട്ടാംനിലയിൽനിന്നും ചാടി അത്മഹത്യ ചെയ്തു