മുന്നണി പ്രവേശന വിഷയത്തില്‍ മാണി അയഞ്ഞു തുടങ്ങി ?; ജോസഫിന് ക്ലീന്‍ ചിറ്റ്!
മുന്നണി പ്രവേശന വിഷയത്തില്‍ മാണി അയഞ്ഞു തുടങ്ങി ?; ജോസഫിന് ക്ലീന്‍ ചിറ്റ്!
യുഡിഎഫിന്റെ രാപകല്‍ സമരത്തിന് പിജെ ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ജോസഫ് വേദിയിലെത്തിയതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സഹോദര പാര്‍ട്ടികളാണ് സമരം നടത്തിയത്. മുന്നണിപ്രവേശനത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇന്ധന നികുതി വേണ്ടെന്നു വയ്ക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണമെന്നും മാണി ആവശ്യപ്പെട്ടു.
രാപകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
“ അതൊരു സന്ദർശനം മാത്രമായിരുന്നു. സമരത്തിൽ നേരിട്ടു പങ്കാളിയാകാൻ ഉദേശിച്ചിരുന്നില്ല. അടുത്ത് മറ്റൊരു ചടങ്ങിനെത്തിയപ്പോൾ കയറുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് സമരത്തിന് ആശംസ അര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ചരൽകുന്ന് ക്യാമ്പിലെ തീരുമാനത്തിൽനിന്നു പിന്നോട്ടു പോയിട്ടില്ല. ക്യാമ്പിലെടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. കേരളാ കോൺഗ്രസ് (എം) ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ തന്നെയാണു രാപകൽ സമരത്തിലുമുള്ളത്. പലപ്പോഴും നിയമസഭയിലും ഒരേ നിലപാട് സ്വീകരിക്കാറുണ്ട് ” - എന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.