പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല; ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെയെന്ന് കെഎന്‍ ബാലഗോപാല്‍
മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും കാര്യങ്ങള്‍ പഴയ നിലയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ജിഎസ്ടി പരിഷ്‌കരണ നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെയെന്ന് കെ എന്‍ ബാലഗോപാല്‍. പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ഇക്കാര്യം സമ്മതിച്ചതാണെന്നും ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും കാര്യങ്ങള്‍ പഴയ നിലയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ഒരു സംസ്ഥാനം പോലും ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. ജി എസ് ടി കുറയുന്നതിന്റെ നേട്ടം ജനങ്ങള്‍ക്ക് കിട്ടണം. എന്നാല്‍ ഇത് നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെയാണെന്ന് മന്ത്രി പറഞ്ഞു. ഇതുമൂലം 50,000 കോടി മുതല്‍ 2 ലക്ഷം കോടി രൂപ വരെ കേരളത്തിന് നഷ്ടമുണ്ടാവാമെന്നും ഇത്രയും പണം ഒരു വര്‍ഷം നഷ്ടപ്പെട്ടാല്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍, ശമ്പളം, വികസനം എന്നിവയ്ക്ക് പണം തികയാതെ വരുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും ആകെ വരുമാനത്തിന്റെ 41 ശതമാനവും ജി എസ് ടിയില്‍ നിന്നാണെന്നും അത് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്ന് മുതല്‍ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നു. 5%, 18% എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്നുമുതല്‍ ജിഎസ്ടി നികുതി നിരക്ക് ഉണ്ടായിരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പില്‍ പറയുന്നത് അനുസരിച്ച് 99% സാധനങ്ങളും 5% സ്ലാബില്‍ ആയിരിക്കും വരികയെന്നാണ്. വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ വിപണിയില്‍ നിരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
ജിഎസ്ടി കുറഞ്ഞതോടെ മില്‍മയുടെ പാലുല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങിയ നൂറിലധികം ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മയുടെ ഒരു ലിറ്റര്‍ നെയ്യിനെ 45 രൂപ കുറയും. അതേസമയം സംസ്ഥാനത്ത് ലോട്ടറിയുടെ ജി എസ് ടി കൂട്ടിയെങ്കിലും ടിക്കറ്റ് വില കൂടിയിട്ടില്ല.