Kodiyeri Balakrishnan: എക്കാലത്തും പിണറായിയുടെ വിശ്വസ്തന്‍; കാര്യനിര്‍വഹണശേഷിയില്‍ അഗ്രഗണ്യന്‍
പാര്‍ട്ടിയില്‍ വിഭാഗീയത നിറഞ്ഞുനിന്ന സമയത്തും പിണറായിക്കൊപ്പം കോടിയേരി അടിയുറച്ചു നിന്നു
Kodiyeri Balakrishnan: സിപിഎമ്മിന്റെ സൗമ്യമുഖമായിരുന്നു എക്കാലത്തും കോടിയേരി ബാലകൃഷ്ണന്‍. ചിരിച്ചുകൊണ്ട് മാത്രമേ കോടിയേരിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുള്ളൂ. ഏത് മുനവെച്ച ചോദ്യങ്ങള്‍ക്ക് മുന്നിലും ആദ്യമൊരു ചിരി, പിന്നെ അളന്നുമുറിച്ചുള്ള ഉത്തരം...ഇതാണ് കോടിയേരിയുടെ പതിവ്.
കോടിയേരിയുടെ രാഷ്ട്രീയ ജീവിതം കണ്ണൂരുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ പിണറായി വിജയനൊപ്പം രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചു. രാഷ്ട്രീയത്തിലെ സൗഹൃദം മാത്രമല്ല കോടിയേരിക്ക് പിണറായി. അതിനുമപ്പുറം പിണറായിയുടെ വിശ്വസ്തനായിരുന്നു എക്കാലത്തും.
പാര്‍ട്ടിയില്‍ വിഭാഗീയത നിറഞ്ഞുനിന്ന സമയത്തും പിണറായിക്കൊപ്പം കോടിയേരി അടിയുറച്ചു നിന്നു. അവസാനം 2021 ല്‍ ഇടതുപക്ഷം തുടര്‍ച്ചയായ രണ്ടാം തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മുന്നില്‍ നിന്ന് നയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടുപക്ഷം ചരിത്ര വിജയം നേടിയതില്‍ കോടിയേരിയുടെ പങ്ക് വളരെ വലുതാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപാളയത്തിലേക്ക് എത്തിച്ച സ്ട്രാറ്റജിക്കല്‍ മൂവിന് നേതൃത്വം നല്‍കിയത് കോടിയേരിയാണ്. പിണറായി വിജയന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഓരോ നീക്കങ്ങളും നടത്തുകയായിരുന്നു കോടിയേരിയുടെ ഉത്തരവാദിത്തം. കേരള കോണ്‍ഗ്രസ് എം ഇടതുപാളയത്തിലേക്ക് വരുന്നതില്‍ നീരസം കാണിച്ചിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കോടിയേരി നിരവധി തവണ രഹസ്യ ചര്‍ച്ചകള്‍ നടത്തി. അതിനുശേഷം ജോസ് കെ.മാണിയുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയതും കോടിയേരി തന്നെ. ആ സമയത്തെല്ലാം കോടിയേരിയുടെ ആരോഗ്യം വളരെ മോശമായിരുന്നു. എങ്കിലും പാര്‍ട്ടിക്ക് വേണ്ടി മുന്നില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കോടിയേരി യാതൊരു മടിയും കാണിച്ചില്ല.