നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും കോടിയേരി ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തേയ്ക്ക് കൊണ്ടുവരുമോ എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലെ ചോദ്യം. രണ്ടാം പിണറായി മന്ത്രിസഭയില്‍ അപ്രതീക്ഷിത സാന്നിധ്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ പിണറായി വിജയനൊപ്പം മുഴുവന്‍ സമയവും കോടിയേരി ബാലകൃഷ്ണനുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുമായി കോടിയേരിയാണ് പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടത്തിയത്. പിണറായി വിജയന്റെ ഏടുത്ത സുഹൃത്തും വിശ്വസ്തനുമായ കോടിയേരിയെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത് അനുഭവസമ്പത്തുള്ള നേതാവാണ് കോടിയേരി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കോടിയേരിയുടെ പ്രകടനവും മികച്ചതായിരുന്നു. ഈ വസ്തുതകളാണ് കോടിയേരിക്ക് മന്ത്രിസ്ഥാനമെന്ന സാധ്യതയ്ക്ക് ബലമേകുന്നത്. കോടിയേരി മന്ത്രിസഭയില്‍ എത്തിയാല്‍ ആഭ്യന്തരവകുപ്പ് തന്നെ പിണറായി കൈമാറാനാണ് സാധ്യത.