സന്ദര്‍ശകരെത്തിയാല്‍ ആശുപത്രി കിടക്കയില്‍ കിടന്ന് മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യും, പാര്‍ട്ടി കാര്യങ്ങള്‍ ചോദിച്ചറിയും; കോടിയേരി അടിമുടി പാര്‍ട്ടിക്കാരന്‍
വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് കോടിയേരി എത്തിയത് എ.കെ.ജി. സെന്ററിലേക്കാണ്
കോടിയേരി ബാലകൃഷ്ണന്‍ അടിമുടി പാര്‍ട്ടിക്കാരനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. കനലെരിയുന്ന സമരപഥങ്ങള്‍ ചിരിച്ചുകൊണ്ട് താണ്ടിയ കമ്യൂണിസ്റ്റുകാരന്‍. ആരോഗ്യനില വളരെ മോശമായപ്പോഴും കോടിയേരിക്ക് പാര്‍ട്ടിയായിരുന്നു എല്ലാം. അതിനു താഴെയായിരുന്നു കുടുംബം പോലും.
വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് കോടിയേരി എത്തിയത് എ.കെ.ജി. സെന്ററിലേക്കാണ്. പാര്‍ട്ടി കാര്യങ്ങള്‍ തിരക്കിയും സഖാക്കളോട് കുശലം പറഞ്ഞുമാണ് കോടിയേരി ആംബുലന്‍സില്‍ കയറിയത്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പലപ്പോഴായി അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശകരെത്തിയാല്‍ ആശുപത്രി കിടക്കയില്‍ കിടന്നും അവരെ നോക്കി കോടിയേരി മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യും. പൂര്‍ണ ആരോഗ്യവാനായിരുന്നപ്പോഴും അത് തന്നെയായിരുന്നു കോടിയേരിയുടെ ശൈലി.
രോഗം മൂര്‍ച്ഛിച്ച സമയത്ത് സംസാരിക്കാന്‍ പോലും കോടിയേരി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സംസാരിക്കുമ്പോള്‍ കിതപ്പും അസ്വസ്ഥതയും തോന്നിയിരുന്നു. ഇതൊന്നും കോടിയേരി വകവെച്ചില്ല. ആര് വന്നാലും കോടിയേരി പാര്‍ട്ടി കാര്യങ്ങള്‍ തിരക്കും. സഖാക്കളോട് കുശലം പറയും.
കോടിയേരിയെ ചികിത്സിച്ച ഡോ.ബോബന്‍ തോമസിന്റെ വാക്കുകള്‍ കോടിയേരി എത്രത്തോളം പാര്‍ട്ടിയെ സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ' ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം പുരോഗതി കാണുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു,' ഡോ.ബോബന്‍ തോമസ് കുറിച്ചു.