കൊല്ലം: ഇത്തവണ സംസ്ഥാനമൊട്ടുക്ക് എല്‍.ഡി.എഫിനും യുഡിഎഫിനും ഒപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എ കൊല്ലം ജില്ലയില്‍ ആദ്യമായി പഞ്ചായത് ഭരണം കൈക്കലാക്കി. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തിലാണ് ബി.ജെ.പിക്ക് കൊല്ലം ജില്ലയില്‍ ആദ്യമായി ഭരണം ലഭിച്ചത്.
വോട്ടെടുപ്പില്‍ ഫലം വന്നപ്പോള്‍ ഭരണം ലഭിക്കും എന്നുറപ്പായിരുന്നെങ്കിലും പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തില്‍ ഏറുന്നതുവരെ പിരിമുറുക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റായി ബി.ജെ.പി യിലെ എസ് സുദീപയും വൈസ് പ്രസിഡന്റായി സത്യപാലനും തെരഞ്ഞെടുക്കപ്പെട്ടു.
ഇരുവരെയും തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ബി.ജെ.പി ക്ക് 9 വോട്ടു ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 8 വോട്ടാണ് ലഭിച്ചത്. ഇടതു മുന്നണിക്കാവട്ടെ ആകെയുള്ള 6 അംഗങ്ങളുടെ വോട്ടും അസാധുവായി.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ദൂരത്താക്കാന്‍ സി.പി.ഐ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് പൊതുവെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മും ബി.ജെ.പി യും ചേര്‍ന്ന് നടത്തിയ അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് പഞ്ചായത്ത് ഭരണം ബി.ജെ.പി ക്ക് ലഭിച്ചതെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു.