കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം
മണിക്കൂറുകള്‍ക്കു ശേഷമാണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ പുറത്തെടുത്തത്. പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം സമയം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്കു ശേഷമാണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ പുറത്തെടുത്തത്. പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് കൂട്ടിയിരിക്കാനാണ് ബിന്ദു എത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാകെയറില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജിന്റെ പതിനാലാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു.
കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദ്ദേശം തന്നിരുന്നില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.