Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്

Kottayam Medical College, Kottayam Medical College Building Collapse, Building Collapse, Kottayam Medical COllege Accident, കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണു

രേണുക വേണു

Kottayam , വ്യാഴം, 3 ജൂലൈ 2025 (14:52 IST)
Kottayam Medical College Building Collapse

Kottayam Medical College Building Collapse: കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 
 
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സാ ആവശ്യത്തിനായാണ് ബിന്ദുവും ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. 
 
പകല്‍ പതിനൊന്നോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. എന്നാല്‍ ഏകദേശം രണ്ട് മണിക്കൂറിനു ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളപായമില്ലെന്നു കരുതി തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റുന്നത് വൈകിയതാകും ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നതിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു.

തകര്‍ന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലായിരുന്നെന്ന് മന്ത്രിമാര്‍ 
 
കെട്ടിടഭാഗം തകര്‍ന്നുവീണതിനു പിന്നാലെ മന്ത്രിമാരായ വീണ ജോര്‍ജ്ജും വി.എന്‍.വാസവനും സ്ഥലത്തെത്തി. തകര്‍ന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലായിരുന്നെന്ന് മന്ത്രിമാര്‍ പറഞ്ഞു. 
 
കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു
 
കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു. മൂന്ന് വാര്‍ഡുകളില്‍നിന്നു രോഗികളെ മാറ്റി. ആളുകള്‍ എങ്ങനെ ഇവിടെ എത്തിയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
'അമ്മ ഫോണ്‍ വിളിച്ചിട്ട് എടുക്കിന്നില്ല' മകള്‍ പറഞ്ഞു 
 
തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മരിച്ച ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആരംഭിച്ചത്. ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായി തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് രണ്ട് മണിക്കൂര്‍ പിന്നിട്ടിരുന്നു. 
 
ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം 
 
മെഡിക്കല്‍ കോളജില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപും സൈനിക ഉദ്യോഗസ്ഥരുമുള്ള യോഗത്തിലേക്ക് ചെന്ന് കയറി; മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കി