ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം: കൊലപാതക കാരണം രാത്രിയില്‍ യുവതി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം
കൊല്ലപ്പെട്ട എയ്ഞ്ചല്‍ സ്ഥിരമായി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതക കാരണം രാത്രിയില്‍ യുവതി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട എയ്ഞ്ചല്‍ സ്ഥിരമായി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ എയ്ഞ്ചലിന്റെ അമ്മായം മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ ഉണ്ടായിരുന്നു.
യുവതിയുടെ കൊലപാതകം വീട്ടിലെ അംഗങ്ങള്‍ക്ക് അറിയാമായിരുന്നു. പേടിച്ച് കുടുംബം വിവരം പുറത്തു പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം നടന്നത്. 28കാരിയായ എയ്ഞ്ചല്‍ ജാസ്മിന്‍ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ പിതാവായ ഫ്രാന്‍സിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണം ഹാര്‍ട്ട് അറ്റാക്ക് മൂലമെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് യുവതിയുടെ പിതാവ് സമ്മതിക്കുകയായിരുന്നു.
രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ട് യുവതിയുടെ മരണം നാട്ടുകാര്‍ അറിയുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത.് പിന്നീട് വീട്ടുകാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു. ലാബ് ടെക്‌നീഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി കുറച്ചു ദിവസമായി വീട്ടിലാണ്. ഇതേ ചൊല്ലിയും പിതാവും മകളുമായി വഴക്കിടല്‍ ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.