ജനുവരി ഒന്നുമുതല്‍ കോഴിക്കോട് സമ്പൂര്‍ണ ശുചിത്വ ജില്ലയാകും. ‘ദി സീറോ വേസ്റ്റ്’ എന്ന പ്രൊജക്ടാണ് ഇതിനായി ജില്ലാ കലക്ടര്‍ യു വി ജോസും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പുതിയ മാലിന്യസംസ്കരണ പദ്ധതി ശുചിത്വ മിഷന്‍റെ നിരീക്ഷണത്തിലായിരിക്കും.
നശിപ്പിക്കാവുന്നതും അല്ലാത്തതുമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്ലാസ്റ്റിക്-ഗ്ലാസ്-ലെതര്‍ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാനും ഈ പദ്ധതി വഴി കഴിയും. മലിനജല - കക്കൂസ് മാലിന്യ ടീറ്റുമെന്‍റ് പ്ലാന്‍റുകളും ജില്ലയിലുടനീളം സ്ഥാപിക്കും.
മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സൌകര്യങ്ങള്‍ ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഉണ്ടായിരിക്കും. ഇറച്ചിക്കോഴി മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ലാന്‍റുകളും ജില്ലയില്‍ സ്ഥാപിക്കുന്നുണ്ട്.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. ഓരോ പഞ്ചായത്തിലും മാലിന്യശേഖരണത്തിനായി 30 കുടുംബശ്രീ വര്‍ക്കേഴ്സിനെയും ചുമതലപ്പെടുത്തും. ഈ ജോലി ചെയ്യുന്നവര്‍ക്ക് വേതനം നല്‍കാനായി ഓരോ വീട്ടില്‍ നിന്നും 30 മുതല്‍ 40 രൂപ വരെ ഈടാക്കും.
ഏറ്റവും ഒടുവിലത്തെ ശുചിത്വ സര്‍വേയില്‍ കോഴിക്കോടിന്‍റെ റാങ്ക് 254 ആയിരുന്നു. കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു ജില്ലയ്ക്ക് ഇത്രയും മോശം റാങ്ക് കിട്ടുന്നത് ആദ്യമായിരുന്നു. ആ നാണക്കേട് മാറ്റാനാണ് ജില്ലാ ഭരണാധികാരികളുടെ കൊണ്ടുപിടിച്ച ശ്രമം.