തമിഴ്നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ പുതിയ തട്ടിപ്പ്. ഇതേക്കുറിച്ച് അറിവില്ലെങ്കില്‍ നിങ്ങള്‍ തട്ടിപ്പിനിരയായാലും അത് മനസിലാകുകയുമില്ല.
അതായത് നിങ്ങള്‍ കാറില്‍ പെട്രോളടിക്കാനായി പമ്പില്‍ ചെല്ലുന്നു എന്ന് വിചാരിക്കുക. നിങ്ങള്‍ക്ക് 1500 രൂപയ്ക്കാണ് പെട്രോള്‍ അടിക്കേണ്ടത് എന്നും കരുതുക. പമ്പില്‍ നില്‍ക്കുന്നയാള്‍ സാധാരണ പോലെ പെട്രോള്‍ അടിക്കാന്‍ തുടങ്ങുന്നു.
എന്നാല്‍ 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചുകഴിയുമ്പോള്‍ പെട്ടെന്ന് നിര്‍ത്തുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു, 500 രൂപയ്ക്കല്ല 1500 രൂപയ്ക്കാണ് പെട്രോള്‍ വേണ്ടതെന്ന്. ഉടന്‍ തെറ്റുമനസിലാക്കിയതുപോലെ അയാള്‍ വീണ്ടും പെട്രോള്‍ അടിക്കാന്‍ തുടങ്ങുന്നു.
സീറോ സെറ്റ് ചെയ്ത് വീണ്ടും ആദ്യം മുതല്‍ അടിക്കുകയാണെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ അങ്ങനെയല്ല കാര്യം. അയാള്‍ സീറോ സെറ്റ് ചെയ്യുന്നില്ല. പകരം ആദ്യം അടിച്ച 500 രൂപയുടേതിന്‍റെ ബാക്കിയായി പമ്പ് പ്രവര്‍ത്തിപ്പിച്ചുതുടങ്ങുന്നു.
ഇത് നിങ്ങള്‍ മനസിലാക്കാതിരിക്കാനായി അയാള്‍ നിങ്ങളോട് കുശലം ചോദിച്ചുകൊണ്ടിരിക്കാനും സാധ്യതയുണ്ട്. ഒടുവില്‍ കൃത്യം 1000 രൂപയെത്തുമ്പോള്‍ അയാള്‍ പമ്പ് ഓഫാക്കും. അപ്പോള്‍ നിങ്ങള്‍ എന്ത് കരുതും? ആദ്യം 500 രൂപയ്ക്ക് അടിച്ചു, രണ്ടാമത് 1000 രൂപയ്ക്ക് അടിച്ചു എന്നല്ലേ? എന്നാല്‍ അയാള്‍ മൊത്തം 1000 രൂപയുടെ പെട്രോള്‍ മാത്രമാണ് അടിച്ചത് എന്നതാണ് സത്യം.
അപ്പോള്‍ 1500 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ കയറിയ നിങ്ങള്‍ക്ക് 500 രൂപയുടെ നഷ്ടമുണ്ടാകുന്നു. പെട്രോളിന്‍റെ തീവിലയ്ക്കിടയിലാണ് ഈ തരത്തില്‍ പെട്രോള്‍ പമ്പുകാര്‍ നടത്തുന്ന തട്ടിപ്പുകളും. പെട്രോള്‍ പമ്പില്‍ നമ്മള്‍ ജാഗ്രതയോടെയിരുന്നില്ലെങ്കില്‍ വന്‍ നഷ്ടങ്ങള്‍ സംഭവിക്കും എന്നത് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.