വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതു മുതല്‍ ദീപക് കടുത്ത മാനസിക വിഷമത്തില്‍; കുടുംബം മാനനഷ്ടക്കേസ് നല്‍കും
വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതുമുതല്‍ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു
Publish Date: Mon, 19 Jan 2026 (10:29 IST)
Updated Date: Mon, 19 Jan 2026 (10:37 IST)
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ നടപടി വേണമെന്ന് ആവശ്യം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മനപ്രയാസത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതുമുതല്‍ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു. യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കിയതാണ്. എന്നാല്‍ വിഷമത്തിനു കാരണം എന്താണെന്ന് അപ്പോള്‍ പറഞ്ഞില്ല. യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ദീപക്കിന്റെ പിതാവ് ചോയി മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. കൂടാതെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസിനും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ദീപക്കിന്റെ ആത്മഹത്യയ്ക്കു കാരണം അപമാനവും മാനസിക സംഘര്‍ഷവും ആണെന്നും യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതികളില്‍ ആവശ്യപ്പെട്ടിരിക്കുന്നു.
അതേസമയം വിഡീയോ ചിത്രീകരിച്ച യുവതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ഒരു ടിവി ചാനലിനോട് പ്രതികരിച്ചത്. പയ്യന്നൂരില്‍ രക്തദാനത്തിന് പോകുന്ന വഴിയില്‍ പയ്യന്നൂരില്‍ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണവിധേയനായ ആള്‍ മറ്റൊരു യുവതിക്കു സമീപം മോശം രീതിയില്‍ പെരുമാറുന്നതായി കണ്ടെന്നും തുടര്‍ന്ന് തന്റെ സമീപമെത്തിയപ്പോള്‍ വിഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി വിശദീകരിച്ചു.