Kozhikode Medical College Fire: പൊട്ടിത്തെറി ശബ്ദം, പിന്നാലെ പുക ഉയര്‍ന്നു; നടുക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്
Kozhikode Medical College
Kozhikode Medical College Fire: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ആദ്യം പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയും പിന്നീട് പുക ഉയരുകയും ചെയ്‌തെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നു.
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
അത്യാഹിത വിഭാഗത്തില്‍ പുക നിറഞ്ഞതോടെ രോഗികള്‍ക്ക് അസ്വസ്ഥതയുണ്ടായി. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഇരുന്നൂറില്‍ അധികം രോഗികളെ അടിയന്തരമായി മാറ്റി. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും മാറ്റേണ്ടി വന്നു.
മൂന്ന് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം
പുക ഉയര്‍ന്നതിനു പിന്നാലെ രോഗികള്‍ക്ക് അസ്വസ്ഥത ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തകരായി. ആശുപത്രി ജീവനക്കാര്‍, പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരെല്ലാം ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം. നഗരത്തിലെ മറ്റു ആശുപത്രികളിലേക്കാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ അടിയന്തരമായി മാറ്റിയത്. നൂറുകണക്കിനു ആംബുലന്‍സുകള്‍ നഗരത്തില്‍ ചീറിപ്പാഞ്ഞു. കെട്ടിടം പൂര്‍ണമായി പൊലീസ് സീല്‍ ചെയ്തു.
അഞ്ച് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി
അപകടത്തിനിടെ അഞ്ച് മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. എന്നാല്‍ ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നു യോഗം ചേരുന്നുണ്ട്.
അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എ
കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് ടി.സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. അപകടത്തില്‍ തന്റെ മണ്ഡലത്തിലെ സ്ത്രീ മരിച്ചതായി സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിദ്ദീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ' കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികള്‍ പറയുകയുണ്ടായി. രോഗികള്‍ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല. എന്റെ മണ്ഡലത്തിലെ മേപ്പാടിയില്‍ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44 വയസ്) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. മൂന്ന് പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു, ബന്ധുക്കളുമായി സംസാരിച്ചു.'
നിഷേധിച്ച് ആശുപത്രി അധികൃതര്‍
ടി.സിദ്ദീഖിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തള്ളി. തീപിടിത്തമുണ്ടായ വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം അഞ്ച് മരണങ്ങള്‍ ഉണ്ടായെന്നും അതില്‍ രണ്ടു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നവരാണെന്നും മൂന്നു പേര്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. ഇവരില്‍ നാല് പേര്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ഒരാള്‍ വ്യാഴാഴ്ചയും അഡ്മിറ്റായവരാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു.