Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനേഴോളം സ്ത്രീകളുടെ മീടു ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം: അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയോട് എതിര്‍പ്പുമായി കെആര്‍ മീര

പതിനേഴോളം സ്ത്രീകളുടെ മീടു ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം: അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയോട് എതിര്‍പ്പുമായി കെആര്‍ മീര

ശ്രീനു എസ്

, വെള്ളി, 28 മെയ് 2021 (10:06 IST)
പതിനേഴോളം സ്ത്രീകളുടെ മീടു ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതില്‍ എതിര്‍പ്പുമായി എഴുത്തുകാരി കെആര്‍ മീര. സ്വഭാവഗുണം പരിശോധിച്ച് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈപ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് കെആര്‍ മീര. കെആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. 
 
കെആര്‍ മീരയുടെ ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
പതിനേഴോളം സ്ത്രീകളുടെ മീടു ആരോപണങ്ങള്‍ക്കു വിധേയനായ  തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ അഭിമാനവും   വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട്  ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ 'ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്‌കാരം' എന്ന പ്രതികരണത്തോട് ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.
 
കാരണം,  ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി.  കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.  കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെക്കുറിച്ച് ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.
 
ഒ.എന്‍.വി. സാറിന്റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍. 'അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം' എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.  ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍  ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ  'സ്വഭാവഗുണമില്ലായ്മ' അല്ല.  മനുഷ്യത്വമില്ലായ്മയാണ്.  കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍ഡ് പരിഗണിക്കാന്‍ അപേക്ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍