തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂര്‍ണമായ ഭാഷയില്‍ സംവദിച്ച മഹാത്മാവാണ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ചിരിക്കാനും ചിന്തിക്കാനും ആശയത്തിന്റെ നറുമുത്തുകള്‍ വാരിവിതറി ഏവരേയും രസിപ്പിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത തിരുമേനി എന്നും ജനമനസില്‍ ഉജ്ജ്വല വികാരമായി ജ്വലിച്ചു നില്‍ക്കും. മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഒരിക്കല്‍ ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത് ഇപ്പോഴും മരിക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ കുറിച്ചത്.
സാമൂഹ്യ തിന്മകളെ തന്റെ മൂര്‍ച്ഛയേറിയ ഫലിത പ്രയോഗങ്ങള്‍ കൊണ്ട് എതിരിടുകയും തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂര്‍ണമായ ഭാഷയില്‍ സംവദിക്കുകയും അദ്ദേഹം ചെയ്തു. മതഭേദ ചിന്തകള്‍ക്കതീതമായി രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ചതായും കുമ്മനം പറഞ്ഞു.