ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നീക്കം തിരിച്ചടിയായെന്ന് വിമര്‍ശനം. അധികാരത്തിനു വേണ്ടി വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടെന്ന് ലീഗ് അണികളും നേതാക്കളും. ചില മുതിര്‍ന്ന നേതാക്കള്‍ പരോക്ഷമായാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വര്‍ഷം അവരുടെ ശബ്ദം നിയമനിര്‍മ്മാണ സഭകളില്‍ മുഴങ്ങാനാണെന്നതാണ് യാഥാര്‍ഥ്യം. അതു മറക്കുന്നിടത്ത് മൂര്‍ദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു. യുദ്ധ മുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകന്‍ തിരുമേനി(സ. അ )വിശേഷിപ്പിച്ചത് നാം ഇത്തരുണത്തില്‍ മറക്കരുത്,' എന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ലീഗ് നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ വരികളില്‍ പരോക്ഷമായി കുഞ്ഞാലിക്കുട്ടിയെ പരിഹസിക്കുകയാണെന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് അണികള്‍ക്കിടയിലും ഇത്തരത്തിലുള്ള അഭിപ്രായം ഉടലെടുത്തത്.
കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് ലീഗിലെ യുവ നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ട്. പല തവണയായി ഇതു തന്നെ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളാണ് പരിഹാസിതരാകുന്നതെന്നും ലീഗിനുള്ളില്‍ അഭിപ്രായമുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ പദവി കുഞ്ഞാലിക്കുട്ടിക്ക് കിട്ടുമായിരുന്നു.