സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി
ആര്‍എസ്എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചു എന്ന പ്രസ്താവന ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടന്ന യോഗത്തിലാണ് സംഭവം. ആര്‍എസ്എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചു എന്ന പ്രസ്താവന ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നേതാക്കളുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്.
ഇത്തരം പരാമര്‍ശമാണ് നിലമ്പൂരിലെ തോല്‍വിയുടെ ആക്കം കൂട്ടിയതെന്നും നേതാക്കള്‍ പറഞ്ഞു. എംവി ഗോവിന്ദന്റെ പ്രസ്താവന നിലമ്പൂരില്‍ വര്‍ഗീയ ചേരിത്തിരിവുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നു. അതേസമയം നിലമ്പൂര്‍ തോല്‍വി പാര്‍ട്ടിയും ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
തീവ്രവര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതല്‍ ജമാഅത്ത് ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ടെന്ന് ദേശാഭിമാനി ലേഖനത്തില്‍ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.