Publish Date: Fri, 17 Apr 2026 (10:33 IST)
Updated Date: Fri, 17 Apr 2026 (10:36 IST)
മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണല്ലോ. കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു പരിധി വരെ ചില രക്ഷിതാക്കള്‍ക്കെങ്കിലും വേനലവധിക്കാലം ദുഃഖപൂരിതമാകാറുള്ളത് നമ്മള്‍ക്കെല്ലാമറിയാവുന്നതാണ്. അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്.
പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്കിത് കുറക്കാന്‍ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ചില നിര്‍ദേശങ്ങളിതാ.
1. കുട്ടികള്‍ നന്നായി കളിക്കട്ടെ - പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക
2. പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുത്
3. ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് ഗ്രൂപ്പായി.
4. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക.
5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.
6. ടാക്‌സി / കോണ്‍ട്രാക്റ്റ് ക്യാര്യേജുകളാണെങ്കില്‍ പോലും ഡ്രൈവര്‍മാര്‍ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെല്‍ട്ട്, ഹെല്‍മെറ്റ് എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.
8. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്യുക.
9. നമ്മുടെ വാഹനത്തിന്റെ ലൈറ്റുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.
10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.
11. വാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളെ യാത്രയില്‍ കൊണ്ടു പോകരുത്.