താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. ജനുവരിയിലെ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ലെന്നും കൂട്ടായ തീരുമാനം ആണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. അഭിനേതാക്കളില്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ജനറല്‍ബോഡി യോഗം ചേരാതെ ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്ന് അമ്മയിലെ അംഗങ്ങള്‍ മറുപടി നല്‍കിയതായും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
തീരുമാനമെടുത്ത യോഗത്തില്‍ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മില്‍ ഒരു മേശയ്ക്ക് ഇരുപുറം ഇരുന്ന് ചര്‍ച്ച ചെയ്തു പരിഹരിക്കാമായിരുന്ന പ്രശ്‌നമായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റ് വേണ്ടായിരുന്നവെന്നും ലിസ്റ്റിന്‍ പറഞ്ഞു.