Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിനെ വിറപ്പിച്ച മാഷ് കൂളായതിന് പിന്നില്‍ ഒരു ‘കെമസ്‌ട്രി’യുണ്ട്; എങ്ങനെ കൂട്ടിക്കിഴിച്ചാലും നേട്ടം കെവി തോമസിന്!

കോണ്‍ഗ്രസിനെ വിറപ്പിച്ച മാഷ് കൂളായതിന് പിന്നില്‍ ഒരു ‘കെമസ്‌ട്രി’യുണ്ട്; എങ്ങനെ കൂട്ടിക്കിഴിച്ചാലും നേട്ടം കെവി തോമസിന്!
, തിങ്കള്‍, 18 മാര്‍ച്ച് 2019 (14:00 IST)
എറണാകുളത്തെ സ്ഥാനാർഥി നിര്‍ണയവും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും കോണ്‍ഗ്രസിനെ ആശങ്കകളുടെ ഉന്നതിയിലെത്തിച്ചു. ഹൈക്കമാന്‍ഡിന് പ്രിയങ്കരനായ കെവി തോമസ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ സംസ്ഥാന നേതൃത്വത്തെയല്ല, മറിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയാണ് ഞെട്ടിച്ചത്.  

ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് രൂക്ഷമായിരിക്കെ സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ വി തോമസിനെ പോലെ മുതിര്‍ന്ന ഒരു നേതാവ് എതിര്‍ ചേരിയിലേക്ക് പോകുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന് ഓര്‍ക്കാന്‍ പോകുമായിരുന്നില്ല. ലോക്‍സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷില്ലെ ടോം വടക്കന്‍ ബിജെപിക്ക് കൈകൊടുത്തതിന്റെ ക്ഷീണം മാറും മുമ്പ് മറ്റൊരു തിരിച്ചടി താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിച്ചു.

മുപ്പത് വര്‍ഷം എറണാകുളത്തെ പ്രതിനിധീകരിച്ച് ലോക്‍സഭയില്‍ ഇരുന്നയാളാണ് കെ വി തോമസ്.  നിര്‍ണായകമായ സംഘടനാച്ചുമതലകള്‍ വഹിച്ചതിനൊപ്പം കേന്ദ്രത്തിലും കേരളത്തിലും മന്ത്രി കൂടിയായിരുന്ന അദ്ദേഹം ബിജെപി ക്യാമ്പില്‍ എത്തിയാലുണ്ടാകുന്ന നാണക്കേട് കോണ്‍ഗ്രസ് മുന്നേ തിരിച്ചറിഞ്ഞു.

രാഹുൽ ഗാന്ധിക്കുണ്ടായ അനിഷ്ടമാണ് കെവി തോമസിന് എറണാകുളം സീറ്റ് നഷ്ടമാക്കിയത്. എന്നാല്‍, അദ്ദേഹം ബിജെപി ക്യാമ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കോണ്‍ഗ്രസ് കേട്ടത്. വിഷയത്തില്‍ സോണിയ ഗാന്ധി ഇടപെട്ടതും മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക്കും കെ വി തോമസിനെ ഫോണില്‍ ബന്ധപ്പെട്ടതും അനുനയത്തിന്റെ ഭാഗമായിരുന്നു.

ചര്‍ച്ചകള്‍ വിജയം കണ്ടതോടെ കെ വി തോമസ് കലാപക്കൊടി താഴ്‌ത്തി. സ്ഥാനാഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പകരമായി ഹൈക്കമാന്‍‌ഡ് വാഗ്ദാനം ചെയ്‌ത ‘ഓഫര്‍ പെരുമഴ’യില്‍ അദ്ദേഹം വിണു. യുഡിഎഫ് കൺവീനർ പദവി, എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവയാണ് കെവി തോമസിന് നല്‍കിയ ഓഫറുകള്‍.

നിയമസഭയിലേക്കു മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരം ഒരുക്കാമെന്നും കെവി തോമസിന് വാഗ്ദാനമുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തും.

വാഗ്ദാനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ എറണാകുളം സീറ്റ് നഷ്‌ടമായത് മറികടക്കുന്ന നേട്ടങ്ങളാകും കെവി തോമസിനെ കാത്തിരിക്കുന്നത്. എന്നാല്‍, രാഹുലിനുള്ള അതൃപ്‌തി എങ്ങനെ മറികടക്കാം എന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ ശോഭനമായ വരുംകാല രാഷ്‌ട്രീയ ഭാവി.

മറിച്ച് സംഭവിച്ചാല്‍ ഡല്‍ഹിയില്‍ വിപുലമായ സ്വാധീനമുള്ള കെ വി തോമസ് കോൺഗ്രസ് വിട്ടുള്ള പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുനിയാനുള്ള സാധ്യത ഏറെയാണ്. ബിജെപിയുമായും അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം പരസ്യമാണ്. എറണാകുളം തേവര എസ്എച്ച് കോളേജില്‍ കെമിസ്ട്രി അധ്യാപകനായിരുന്ന കെവി തോമസിന് പുതിയ കൂട്ടുകെട്ടിന്റെ ‘കെമസ്‌ട്രി’ കണ്ടെത്താനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടിന് വേണ്ടി കടിപിടി കൂടി കോൺഗ്രസ്; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രണ്ട് വഴിക്ക്?