പ്രവര്‍ത്തനമികവ് തെളിയിച്ച കോണ്‍ഗ്രസിന്റെ യുവരക്തം; എറണാകുളം നിലനിര്‍ത്താന്‍ ഇത്തവണ ഹൈബി ഈഡന്‍
തേവര എസ് എച്ച് കോളേജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
സിറ്റിംഗ് എംപി കെവി തോമസിനെ മാറ്റിയാണ് ഹൈബി ഈഡനു എറണാകുളം നിയോജക മണ്ഡലത്തിലെ സീറ്റ് നൽകിയിരിക്കുന്നത്. പി.രാജിവിനെ നേരിടാൻ കെ.വി തോമസിനെക്കാൾ മികച്ച സ്ഥാനാർത്ഥി ഹൈബിയാണെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നതോടെ ഹൈക്കമാൻഡ് ഇതിനെ അംഗീകരിക്കുകയായിരുന്നു. മക്കള്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസില്‍ ഏറ്റവുമധികം വിവാദം ഉണ്ടാക്കിയിട്ടുള്ളതും മറ്റുള്ളവര്‍ ഈ ദേശീയ പാര്‍ട്ടിയെ പരിഹസിക്കാനും വിമര്‍ശിക്കാനും ഉപയോഗിച്ചിട്ടുള്ളതും. ഈ വിമർശനം ഏൽക്കേണ്ടി വന്നിട്ടുളള ഒരാളാണ് ഹൈബി ഈഡന്‍.
ജോര്‍ജ് ഈഡന്‍ എന്ന അതികായന്റെ മരണം അദ്ദേഹത്തിന്റെ മകന് നേടിക്കൊടുത്ത സൗഭാഗ്യങ്ങളാണ് 27 ആം വയസില്‍ കിട്ടിയ എംഎല്‍എ സ്ഥാനമെന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയവരില്‍ കൂടുതലും സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവരാണ്.
തേവര എസ് എച്ച് കോളേജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രീഡിഗ്രി റെപ്രസെന്റേറ്റീവ് ആയി തെരഞ്ഞെടുക്കുന്നതാണ് ആദ്യ രാഷ്ട്രീയ വിജയം. 2001 ല്‍ എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ല്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി, 2003 ല്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. 2004 ല്‍ കെഎസ് യു എറണാകുളം ജില്ല പ്രസിഡന്റായി നിയമിതനായി. 2007 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായി. ഹൈബി സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്താണ് പാഠപുസ്തക സമരവും ബസ് കണ്‍സഷന്‍ സമരവും കെ എസ് യു നയിച്ചതും വിജയം നേടിയതും. 2008 ല്‍ ഹൈബി എന്‍ സ് യു പ്രസിഡന്റായി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും പരമപ്രധാനവും അഭിമാനകരവുമായ സ്ഥാനമായിരുന്നു എന്‍എസ്‌യു പ്രസിഡന്റ്.
2003 ല്‍ ആണ് ഹൈബിയുടെ പിതാവും എറണാകുളത്തെ എംഎല്‍എയുമായിരുന്ന ജോര്‍ജ് ഈഡന്റെ അകാലവിയോഗം. ഈഡന്‍ മരിച്ച് എട്ടോ പത്തോ വര്‍ഷം കഴിഞ്ഞാണ് ഹൈബിക്ക് നിയമസഭ സീറ്റ് കിട്ടുന്നത്. സെബാസ്റ്റ്യന്‍ പോള്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ 32,000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഹൈബി തോല്‍പ്പിച്ചത്