മലപ്പുറം: അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം അപരന്മാരുടെ ഒരു പട തന്നെ തയ്യാറാവുകയാണ്. പൊന്നാനിയിലും മലപ്പുറത്തുമായി ആറ് അപരന്മാരാണുള്ളത്.
ഇരു മണ്ഡലങ്ങളിലുമായി മൊത്തം 25 സ്ഥാനാര്ഥികളാണുള്ളത്. പൊന്നാനിയിൽ പതിനൊന്നും മലപ്പുറത്ത് പതിനാലും സ്ഥാനാര്ഥികളാണുള്ളത്. ഇതിൽ അംഗീകൃത പാർട്ടി സ്ഥാനാർത്ഥികൾക്കൊപ്പം ഡമ്മി സ്ഥാനാർത്ഥികളും സ്വാതന്ത്രന്മാർക്കും ഒപ്പമാണ് അപരന്മാരുമുള്ളത്.
ഇരു മണ്ഡലങ്ങളിലുമുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പേരിൽ മാത്രം രണ്ടു വീതം അപ്പന്മാരാണുള്ളത്. പൊന്നാനിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായ കെ.എസ്.ഹംസയുടെ പേരിനോട് സാമ്യമുള്ള ഹംസ കടവണ്ടി, ഹംസ എന്നിവരാണ് അപ്പന്മാരായിട്ടുള്ളതെങ്കിൽ മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വസീഫിനോട് വിദൂര സാമ്യമുള്ള പേരുമായി പി.പി.നസ്വീഫ്, നഫീസ അലി മുല്ലപ്പള്ളി എന്നിവരാണ് അപരന്മാരായി രംഗത്തുള്ളത്.
എന്നാൽ പൊന്നാനിയിൽ യു.ഡി.എഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയ്ക്കെതിരെ അബ്ദുസ്സമദ് ആണ് അപരനായി മത്സരിക്കുന്നത്. എന്നാൽ മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർഥി എം.അബ്ദുൽ സലാമിനെതിരെ മറ്റൊരു അബ്ദുൽ സലാം തന്നെയാണ് അപരനാവുന്നത്.